ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം -​ 55

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦5️⃣⁦⁦5️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣⁦⁦5️⃣🌷*

🌷كَالزَّهْرِ فِى تَرَفٍ وَالْبَدْرِ فِى شَرَفٍ

            وَالْـبَـحْرِ فِى كَرَمٍ وَالدَّهْرِ فِى هِمَمِ🌷

*മാർദവത്തിൽ പുഷ്പം പോലെ, ശ്രേഷ്ഠതയിൽ പൗർണ്ണമിയെ പോലെ, ഔദാര്യത്തിൽ പാരാവാരം പോലെ, കരുത്തിൽ കാലം പോലെ (എന്റെ ഹബീബ് ﷺ).*

_വളരെ മനോഹരമായി തിരുനബിയുടെ ﷺ പല ഭാവങ്ങളേയും അനാവരണം ചെയ്യുകയാണ് ഇവിടെ മഹാനായ ബൂസ്വീരി ഇമാം رضي الله عنه. പുണ്യനബിയുടെ ﷺ നൈർമല്യത്തെ പൂവിനോടും ശ്രേഷ്ഠതയെ അമ്പിളിയോടും ഉപമിച്ചിരിക്കുന്നു. പുണ്യ റസൂൽ ﷺ ഔദാര്യത്തിൽ സമുദ്രം പോലെയാണെങ്കിൽ കരുത്തിൽ കാലത്തിനു സമരാണ് ﷺ. അതീവ ചാരുതയാർന്ന ഉപമകളാണിവ. സഹൃദയന്റെ ഹൃദയം ഈ ഉപമകളുടെ ചാരുത നുണഞ്ഞ് എത്ര തവണ വേണമെങ്കിലും ഈ വരികൾ ഉരുവിടാതിരിക്കുകയില്ല (സത്യം). തിരുനബിയുടെ ﷺ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെ ഈ നാല് ഉപമകളിലൂടെ ആവിഷ്ക്കരിക്കാനുള്ള എളിയ ശ്രമമാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ നടത്തിയിരിക്കുന്നത്._ 

_തിരുനബിയുടെ ﷺ ആകാരഭംഗിയും സ്വഭാവ നൈർമല്യവും സ്നേഹവായ്പും "മാർദവത്തിൽ പുഷ്പം പോലെ" എന്ന ഉപമയിൽ പ്രകാശിതമായിരിക്കുന്നു. അതേപോലെ "ശ്രേഷ്ഠതയിൽ പൗർണ്ണമി പോലെ" എന്ന് കവി رضي الله عنه പറയുമ്പോൾ മുഹമ്മദ് നബിയെന്ന ﷺ വ്യക്തിത്വത്തിന്റെ സർവ ഒൗത്കൃഷ്ട്യങ്ങളെയും അതു വെളിവാക്കുന്നു. പൂർണ ചന്ദ്രന്റെ പ്രകാശം ഇരുണ്ട രാത്രികളെ വെളിച്ചത്തിൽ കുളിപ്പിക്കുന്നു. മുത്ത് നബിയുടെ ﷺ സാന്നിധ്യം അജ്ഞാനതയുടെ ഇരുൾ മുറ്റിയ ലോകത്തിന്, രാത്രിയിൽ പൂർണ ചന്ദ്രൻ എന്ന പോലെ അനുഗ്രഹമാണ്. മുത്ത് നബിയുടെ ﷺ കുലീനതയും മഹത്വവും ഈ ഉപമ ഉൾക്കൊള്ളുന്നു. 'ദുനിയാവിന്റെ അലങ്കാരവും ശോഭയുമാണ് മുഹമ്മദ് നബി ﷺ' എന്ന് ഖസ്വീദത്തുൽ മുഹമ്മദിയ്യയിൽ ബൂസ്വീരി ഇമാം رضي الله عنه പാടുന്നതും ഇവിടെ നമുക്ക് ഓർക്കാം._

_തിരുനബിയുടെ ﷺ ഔദാര്യത്തെ കടലിനോടുപമിച്ചത് ഏറ്റവും ഉചിതമാവുന്നു. പുണ്യനബി ﷺ അവിടുത്തേക്കായി ഒന്നും കരുതിവെക്കാതെ എല്ലാം ദാനം ചെയ്യുകയായിരുന്നു. കാറ്റു വീശുന്നതുപോലെ പുണ്യനബിയുടെ ﷺ ഒൗദാര്യം വീശിക്കൊണ്ടിരിക്കുന്നതായി ഹദീസുകളിൽ നിന്നും മനസിലാക്കാം. ധർമ ശിക്ഷണത്തിലും ജനങ്ങളോടുള്ള ഗുണകാംക്ഷയിലുമെല്ലാം തിരുനബിയുടെ ﷺ ഉദാരത കടൽപോലെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു._

_ഈ വരിയിലെ നാലാമത്തെ ഉപമ കാലമാണ്. കരുത്ത് അഥവാ മനോദൈര്യത്തെയാണ് ബൂസ്വീരി ഇമാം رضي الله عنه കാലത്തോടുപമിച്ചിരിക്കുന്നത്. കാലത്തേക്കാൾ കരുത്തുളള മറ്റൊന്നും തന്നെ മനുഷ്യന്റെ അറിവിലില്ല. എന്തും നേരിടാനും എന്തിനെയും മാറ്റിമാറിക്കാനും കാലത്തിനു കരുത്തുണ്ട്. 'കാലം ഒന്നു പിടിച്ചു കുലുക്കിയാൽ ബ്രഹ്മാണ്ഡം പോലും തകർന്നടിയും', എന്നാണ് മലയാള കവി വള്ളത്തോൾ പാടിയത്. അതാണ്‌ കാലത്തിന്റെ കരുത്ത്. തിരുനബിയുടെ ﷺ മനോദാർഢ്യത്തെ കാലത്തോടല്ലാതെ മറ്റെന്തിനോടാണ് ഉപമിക്കുക!?. ബുർദയിലെ ഏറ്റവും ശക്തവും മനോഹരവുമായ ഉപമകളിലൊന്നാണിത.
▪▪▪▪▪▪▪▪▪▪