ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 65

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦6️⃣⁩⁦⁦5️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦6️⃣⁩⁦⁦5️⃣🌷*

🌷وَالْجِـنُّ تَهْـتِـفُ وَالْأَنْـوَارُ سَاطِعَةٌ

   وَالْحَـقُّ يَظْـهَرُ مِنْ مَـعْـنًى وَمِـنْ كَـلِمِ🌷

*ജിന്നുകൾ അട്ടഹസിക്കുന്നു, വെളിച്ചം വ്യാപിക്കുന്നു, അർത്ഥം കൊണ്ടും വർത്തമാനം കൊണ്ടും സത്യം പുലരുകയും ചെയ്യുന്നു.*

_മുത്ത് നബിയുടെ ﷺ തിരുപിറവിയോടൊപ്പം ഒരു പ്രകാശം പ്രപഞ്ചത്തെ വലയം ചെയ്തു. മുഹമ്മദിയ പ്രകാശത്തിന്റെ ﷺ ഈ സാന്നിധ്യത്തെക്കുറിച്ച് ചരിത്രത്തിൽനിന്നും ചില സൂചനകൾ ലഭിക്കുന്നു. മുത്ത് നബിയുടെ ﷺ പിതാവ് അബ്ദുല്ല 
رضي الله عنه
 തങ്ങളുടെ മുഖത്ത് ഒരു പ്രകാശമുണ്ടായിരുന്നതായും ഉമ്മ ആമിന ബീവി
 رضي الله عنها
 മുത്ത് നബിയെ ﷺ ഗർഭം ധരിച്ചതോടെ പ്രസ്തുത പ്രകാശം ഉമ്മയിലേക്കു നീങ്ങിയതു കാരണം അബ്ദുല്ല
 رضي الله عنه
 തങ്ങളുടെ മുഖത്തു നിന്നും അപ്രത്യക്ഷമായി എന്നും ചില നിവേദനങ്ങളിലുണ്ട്. അതേപോലെ പുണ്യനബി ﷺ പിറന്ന സമയത്ത് ഒരു പ്രകാശം തന്നിൽ നിന്നും പുറപ്പെട്ടതായി ആമിന ബീവി 
رضي الله عنها
 പറഞ്ഞതായും രേഖയുണ്ട്. തിരുനബി ﷺ ഭൂജാതരായ നിമിഷം ചക്രവാളത്തോളം ഉയർന്നു വ്യാപിക്കുമാറ് വ്യാപ്തിയിൽ ഒരു പ്രകാശമുണ്ടായെന്നും ഹദീസുകളിൽ കാണാം. പ്രകാശം പരന്നു എന്ന ബൂസ്വീരി ഇമാമിന്റെ
 رضي الله عنه
 പ്രയോഗം ചരിത്രപരമായ ഈ സൂചനകൾ കൂടി ഉൾക്കൊള്ളുന്നു. തിരുനബിയുടെ ﷺ പിതൃവ്യൻ അബ്ബാസ് 
رضي الله عنه
 മുത്ത് നബിയെ ﷺ സംബോധന ചെയ്ത് പാടിയ ഒരു കവിതയിൽ ഇങ്ങനെ പറയുന്നുണ്ട്: "അങ്ങയുടെ ﷺ ജനനം ഭൂമിയെ പ്രകാശമാനമാക്കി. അങ്ങയുടെ ﷺ പ്രകാശംകൊണ്ട് ചക്രവാളവും പ്രകാശിച്ചു"._

_മുത്ത് നബിയുടെ ﷺ പിറവിയെക്കുറിച്ച് ജിന്നുകൾ സംസാരിക്കുന്നതു സ്വാഭാവികമാണ്. അവരിലേക്കുകൂടി നിയുക്തരായവരാണല്ലോ ആരമ്പ റസൂൽ ﷺ. ലോകാനുഗ്രഹിയായ തിരുനബിയുടെ ﷺ ജന്മം ലോകത്തെയാകെ ആഹ്ലാദത്തിലാക്കി എന്ന് പറയുകയാണ് ഇവിടെ ബൂസ്വീരി ഇമാം رضي الله عنه. എന്നാൽ തിരുപ്പിറവിയുടെ ﷺ സത്യം മനസിലാക്കിയ ഇബ്‌ലീസും സന്താനപരമ്പരകളും ദുഃഖം നിമിത്തം ആർത്തട്ടഹസിക്കുന്നയാണുണ്ടായതെന്ന് ചരിത്രം പറയുന്നു._

_ഇവിടെ അർത്ഥം കൊണ്ട് ഉദ്ദേശ്യം അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലെ മുന്നറിയിപ്പുകളാണ്. വർത്തമാനം എന്നത് പുരോഹിതന്മാരുടെ അരുൾപ്പാടുകളുമാണ്. പൗരാണിക വേദഗ്രന്ഥങ്ങളിൽ അഗ്രകണ്യരായ പുരോഹിതന്മാരും മതാചാര്യന്മാരും തിരുനബിയുടെ ﷺ ആഗമനത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു. അവരിൽ ചിലർ അതു തുറന്നു പറയുകയും ചെയ്തിരുന്നു.
▪▪▪▪▪▪▪▪▪▪