ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം-​ 73

🔹🔸🔹🔸🔹🔸🔹🔸🔹🔸
*​ഖസ്വീദത്തുൽ ബുർദ*
*അര്‍ത്ഥം,ആശയം-​ ⁦⁦⁦7️⃣3️⃣*



〰〰〰〰〰〰〰〰〰〰
*_🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ_*

*🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨*
*عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨*

*🌷വരി ⁦7️⃣3️⃣🌷*

*_🌷كَأَنَّـمَا سَـطَرَتْ سَطْرًا لِمَا كَـتَـبَـتْ_*

*_فُرُوعُهَا مِنْ بَدِيعِ الْخَطِّ بِاللَّـقَـمِ🌷_*

*ചില്ലകൾക്ക് വഴിയുടെ നടുവിലൂടെ മനോഹരമായ അക്ഷരങ്ങളെഴുതാൻ, മരങ്ങൾ നേർരേഖ വരച്ചു കൊടുത്തതു പോലെയുണ്ട് (ആ വരവ്).*

_കഴിഞ്ഞ വരിയുടെ തുടർച്ചയാണ് ഈ വരി. മരം നേർക്കുനേർ തിരുനബിയുടെ ﷺ ചാരത്തേക്കു വന്ന സംഭവത്തെ ബൂസ്വീരി ഇമാം رضي الله عنه ഇങ്ങനെ ഉപമിക്കുന്നു._

_കടലാസിൽ എഴുതുന്നവർ എഴുത്ത് വളയാതിരിക്കാൻ ആദ്യം ഒരു വര വരയ്ക്കും. എന്നിട്ട് അതിനുമുകളിൽ എഴുതും. ചിലർ എഴുതിയതിന് അടിയിൽ വരയിടും. രണ്ടിനും വേറെ വേറെ ലക്ഷ്യങ്ങളുണ്ട്. മരത്തിനു കാൽപാദം ഇല്ലാത്തതിനാൽ വഴിയിൽ വരയിട്ടു കൊണ്ടാണ് നീങ്ങുന്നത്. മരത്തിൽനിന്ന് തൂങ്ങിക്കിടക്കുന്ന കൊള്ളികളും വള്ളികളും ചില ഇലകളും ഭൂമിയിൽ മുട്ടുന്നുണ്ടാവും. മരം നീങ്ങുമ്പോൾ അവ ഭൂമിയിൽ എഴുത്ത് തുടങ്ങും. അങ്ങനെ മരക്കൊമ്പുകൾ മണ്ണിലുരഞ്ഞുകൊണ്ടുള്ള ആ വരവ് ഗ്രാമീണനിൽ പ്രതിഫലനം ഉണ്ടാക്കി, അർത്ഥ സമ്പന്നമായ വരികൾ വായനക്കാരിൽ പ്രതിഫലനം ഉണ്ടാക്കുന്നതുപോലെ._

_കേവലം ഒരു കാവ്യഭാവന മാത്രമായി ഈ വരിയെ ഒതുക്കി വെക്കരുത്. മരം തിരുഹബീബിനു ﷺ വഴങ്ങുകയാണ്. അതിലെ ഓരോ ഇലയും ചില്ലയും ഇത് അറിയുന്നുണ്ട്. സ്ഥിരമായി ഒരിടത്ത് നിന്ന് അല്ലാഹുവിന് തസ്ബീഹ് ചൊല്ലുന്ന ഇലകളും കമ്പുകളും അറിയുകയാണ്, തങ്ങൾ സഞ്ചരിക്കുന്നു എന്ന്. എന്തിന് സഞ്ചരിക്കേണ്ടി വന്നു എന്നും അവർ തിരിച്ചറിയുന്നു. തിരുനബിയുടെ ﷺ മിമ്പർ തന്നിൽനിന്നും തിരുദൂതർ ﷺ മാറിയത് തിരിച്ചറിഞ്ഞതു പോലെ!_

_ഇത്തരമൊരു തിരിച്ചറിവിൽ തിരുഹബീബിനു ﷺ സേവനമർപ്പിക്കാൻ അവസരം കിട്ടിയ സന്തോഷത്തിൽ ചില്ലകളും ഇലകളും കുറിച്ചിടുന്ന രേഖകൾ അർത്ഥം അറിഞ്ഞുള്ള രേഖകൾ തന്നെയായിരിക്കും. കമ്പുകൾ തന്നെയാണല്ലോ എഴുത്തുകാരന്‍െറ എഴുത്തുകോലായി അവതരിക്കുന്നത്. എഴുത്തുകോലായി പ്രവർത്തിക്കാൻ അവസരം കിട്ടിയ പല കമ്പുകളും ഇതിനുമുമ്പ് നബികീർത്തന ﷺ പദ്യങ്ങളും ഗദ്യങ്ങളും രചിച്ചിട്ടുണ്ട്. പക്ഷേ അവയെല്ലാം ഹസ്സാനുബ്നു സാബിത്ത് رضي الله عنهനെ പോലെയുള്ള സാഹിത്യകാരന്മാരുടെ വിരലുകൾക്കിടയിൽ കിടന്ന് വഴങ്ങിയതായിരുന്നു. ഇപ്പോഴിതാ കമ്പുകൾ സ്വയമേ മദ്ഹ് ഗാനമെഴുതുന്നു. അവിടുത്തോട് ﷺ ഒരു സലാം പറയാനുള്ള വ്യഗ്രതയിൽ തിരുനൂറിനെ ﷺ ലക്ഷ്യമാക്കി നടന്നടുക്കുമ്പോൾ തന്റെ ഉള്ളിലുള്ള അനുരാഗം മുഴുവനും സുന്ദര ലിപികളാൽ പാതവക്കിൽ വരച്ചിടുകയായിരുന്നു അനുഗ്രഹീതരായ ആ മരം ചെയ്തിരുന്നത്. അനുരാഗത്തിന്‍െറ എന്തെല്ലാം അപദാനങ്ങളായിരിക്കും അന്ന് ആ മണ്ണിൽ തെളിഞ്ഞിട്ടുണ്ടാവുക..! അല്ലാഹു അഅ്‌ലം. മദ്ഹുകൾ എഴുതപ്പെട്ട ആ മണ്ണും എത്ര അനുഗ്രഹീതം..._

_ഭൂമിയിൽനിന്ന് ഒരു ഉപമയെടുത്തു_ _കാണിച്ചപ്പോൾ തന്നെ ആകാശത്തിൽ നിന്നുള്ള മറ്റൊരു ഉപമയും കൂടി_ _ബൂസ്വീരി ഇമാം رضي الله عنه വരച്ചു കാണിക്കുകയാണ് അടുത്ത വരിയിൽ._
▪▪▪▪▪▪▪▪▪▪▪